Thursday, 20 March 2014

Kudukkathu Para

Kudukkathu Para 


ഒഴിവുകാലത്ത് മാത്രമല്ല സമയം കിട്ടുമ്പോഴൊക്കെ, കുടുംബസമേതവും, സുഹൃത്തുക്കളോടൊപ്പവുമൊക്കെ ടൂറിസ്റ്റുകേന്ദ്രങ്ങൾ തേടി യാത്രതിരിക്കുന്നവരാണല്ലോ നമ്മളിലേറെയും.

ഊട്ടി, കൊഡൈക്കനാൽ, മൈസൂർ, മൂന്നാർ, പൊന്മുടി, തെന്മല അല്ലെങ്കിൽ വീഗാലാൻഡ്, ഹാപ്പിലാൻഡ്.....ഇങ്ങനെ പോകും ശരാശരി മലയാളിയുടെ യാത്രപരിപാടികൾ.
തെന്മല ഇക്കോടൂറിസം പലപ്രാവശ്യം കണ്ടിട്ടുള്ളവർക്ക് ഇതാ മറ്റൊരു ഇക്കോ ടൂറിസ്റ്റ് മേഖലകൂടി പരീക്ഷിച്ച് നോക്കാവുന്നതാണ്‌.

കുടുക്കത്ത് പാറ

പേര്‌പോലെതന്നെ വലിയൊരു കരിമ്പാറയും, അതിനെചുറ്റി സ്ഥിതി ചെയ്യുന്ന നൈസർഗ്ഗിക വനമേഖലയും ഉൾപ്പെട്ട ഇക്കോടൂറിസം മേഖലയാണ്‌ കുടുക്കത്ത്പാറ.
തെന്മലയിലെപ്പോലെ ഡാംസൈറ്റ് ഇവിടെയില്ല, ഒരു ചെറിയ തടയണമാത്രം. അത് വേനലിൽ വറ്റിപോകുമെന്നകുഴപ്പം കൂടിയുണ്ട്‌. പിന്നെന്തൂട്ടാണിഷ്ടാ ഈ പറഞ്ഞുവരുന്നത് എന്നാണ്‌ ചോദ്യമെങ്കിൽ?


(കൊല്ലം ജില്ലയിലെ അഞ്ചലിൽ നിന്നും ഇവിടേക്ക് എളുപ്പത്തിലെത്താം. അതിനായി അഞ്ചൽ ടൗണിൽ നിന്നും ആലഞ്ചേരി - കണ്ണംകോട്- കരുകോൺ വഴി ആനക്കുളം എന്ന കൊച്ചു ജംഗ്ഷനിലെത്താം)    ( മാപ് കാണുക)


                                       ( മാപ്പിൽ ക്ലിക്ക് ചെയ്താൽ വലുതായി കാണാം )


ആനക്കുളത്തെ ആർച്ച്


ആനക്കുളം ജംഗ്ഷനിൽ നിന്നും ഇക്കോടൂറീസ്റ്റ് മേഖലയിലേക്കുള്ള യാത്ര ആരംഭിക്കുന്നതിനുള്ള കൂറ്റൻ ആർച്ച് സ്ഥാപിച്ചിരിക്കുന്നു.(ചിത്രം ചുവടെ)സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് (കാർ, ജീപ്പ്, ബൈക്ക് മുതലായ ചെറിയവാഹനങ്ങൾ) അകത്തേക്ക് ഓടിച്ച്പോകാം.
ഇരുവശത്തും വൃക്ഷക്കൂട്ടങ്ങൾ നിറഞ്ഞ , പരുക്കൻ മൺപാത, ഉരുളൻ കല്ലുകൾ, അവിടവിടെ ഉയർന്നുനില്ക്കുന്ന വൃക്ഷങ്ങളുടെ വേരുകൾ: യാത്ര അതീവ രസകരവും ഹൃദ്യവുമാണ്‌.( ആൾക്കൂട്ടവും, തിരക്കും, കച്ചവടസ്ഥാപനങ്ങളുമൊന്നുമില്ലാത്ത നിബിഢമായ വൃക്ഷനിരകൾക്കിടയിലൂടെയുള്ള യാത്ര ഏതോ ഹോളിവുഢ് ഹൊറർ സിനിമയെ ഓർമ്മിപ്പിക്കുന്നുവെന്ന് കൂട്ടത്തിലൊരാൾ പറഞ്ഞു)
തടയണവരെ ഇങ്ങനെ ചെറിയ വാഹനങ്ങളിൽ സാഹസികമായി ഓടിച്ച് പോകാം, എന്നത് വളരെ സൗകര്യപ്രദമാണ്‌.(സുഹൃദ് സംഘങ്ങൾക്കും, കുടുംബങ്ങൾക്കും കാൽനടയായി യാത്രയുടെ രസം നുകർന്ന് പോകുകയുമാവാം.)

തടയണ

ഇവിടെ വിശ്രമിക്കാനുള്ള സൗകര്യമുണ്ട്. ചുറ്റും കാടിന്റെ സമൃദ്ധി, അവയ്ക്കിടയിൽ ഉയർന്നുനില്ക്കുന്ന വിവിധ ആകൃതിയിലുള്ള കരിമ്പാറകൾ, കാഴ്ച്ചക്കാരന്റെ ഭാവനയ്ക്കനുസരിച്ച് ഓരോരോ രൂപങ്ങൾ സങ്കല്പ്പിച്ച് എടുക്കാവുന്ന തരത്തിലുള്ളവയാണ്‌ അവയോരോന്നും.

സൂക്ഷിച്ച് കുത്തനെ ചരിഞ്ഞ ഒറ്റയടിപ്പാതയിലെ കാട്ടുചെടികൾ വകഞ്ഞുമാറ്റി താഴേക്കിറങ്ങിച്ചെന്നാൽ, ഉരുളൻ പാറകൾക്കിടയിലായി തടയണ കാണാം. മഴക്കാലത്ത് ജലസമൃദ്ധമാണെങ്കിലും വേനലിൽ അത് വരണ്ടതാണ്‌ എന്നത്‌ കുറച്ച് സങ്കടം സഞ്ചാരിയുടെ ഉള്ളിലുണ്ടാക്കും. ഒരു പുഴ, അല്ലെങ്കിൽ ഒരു കുഞ്ഞരുവി ഈ മരക്കൂട്ടങ്ങൾക്കിടയിൽ വറ്റാതെ ഒഴുകിയിരുന്നെങ്കിലെന്ന് നമ്മൾ അതിയായി ആഗ്രഹിച്ച് പോകുന്ന നിമിഷം. തിരിച്ച് കാട്ടുചെടികൾക്കിടയിലൂടെ മുകളിലേക്ക് നടക്കുമ്പോൾ അതൊരു മോഹഭംഗമായി മനസ്സിലുണ്ടാകും.(പശ്ചിമഘട്ട മലനിരകൾ വെട്ടിനിരത്തി പാറക്വാറികളും, റിസോർട്ടുകളും കെട്ടിയുയർത്താനായി ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ അട്ടിമറിച്ച രാഷ്ട്രീയ കോമരങ്ങൾക്ക് നമോവാകം!!!).

ഇനിയാണ്‌ ശരിയായ കയറ്റം തുടങ്ങുന്നത്‌. പാറക്കൂട്ടങ്ങൾക്കിടയിലൂടെ മുകളിലേക്ക് കയറാം. കയറ്റം തുടങ്ങുന്ന ഭാഗത്ത് കുറച്ച് കഠിനമാണെങ്കിലും, മുകളിലേക്ക് കയറുംതോറും അത് ആയാസരഹിതമാകുന്നുണ്ട്‌. ( കുടിക്കാനായി ശുദ്ധജലം കരുതുന്നത് വളരെ നല്ലതാണ്‌ എന്ന് അനുഭവം പഠിപ്പിക്കുന്നു, ഇതിനുള്ളിൽ കച്ചവടസ്ഥാപനങ്ങളോ , സ്റ്റാളുകളോ ഒന്നും തന്നെയില്ല. തികച്ചും നൈസർഗ്ഗികമായ ഭൂപ്രകൃതിമാത്രം, അതുകൊണ്ട് ആനക്കുളം ജംഗ്ഷനിൽ നിന്നുതന്നെ വെള്ളം കരുതുന്നതാണ്‌ നല്ലത്. ഒപ്പം ഒരപേക്ഷകൂടി വെള്ളകുപ്പികൾ ഉൾപ്പെടെയുള്ള ഒരു പ്ളാസ്റ്റിക്ക് വസ്തുക്കളും ദയവായി ഈ ജൈവസമൃദ്ധിയിൽ വലിച്ചെറിയരുത്)

മുകളിൽ നമുക്കുവേണ്ടി കാത്തിരിക്കുന്നത് അവിസ്മരണീയമായ കാഴ്ചകളാണ്‌. കുടുക്കത്ത്പാറ എന്നത് ആകാശം മുട്ടെ ഉയർന്നുനില്ക്കുന്ന ഒരു കൂറ്റൻ കരിമ്പാറയാണ്‌, ശിവലിംഗം പോലെ അജയ്യമായി അതങ്ങ് ഉയർന്ന് നില്ക്കുന്നു, അതിനരികിലേക്കാണ്‌ നമ്മുടെ യാത്ര!
അവിടേക്ക് കയറിയെത്താൻ അല്പം പ്രയത്നം ആവശ്യമാണ്‌. എത്തിയാലോ, സമുദ്രനിരപ്പിന്‌ വളരെ മുകളിൽ ആകാശത്തേക്ക് തലയുയർത്തി നില്ക്കുന്ന പടുകൂറ്റൻപാറയുടെ വശങ്ങളിലായി ചിറകുകൾ വിടർത്തിയപോലെ മറ്റനേകം പാറകൾ! അവയ്ക്കിടയിൽ അപൂർവ്വങ്ങളായ വൃക്ഷങ്ങൾ, പലതും പുഷ്പിച്ചുനില്ക്കുന്നു. നമ്മളിതുവരെ കണ്ടിട്ടില്ലാത്ത പൂക്കൾ, വിവിധ വർണങ്ങളിൽ.

പാറകൾക്ക് മുകളിൽ ഇക്കോടൂറിസത്തിന്റെ ഭാഗമായി നിർമ്മിച്ച സുരക്ഷാവേലികൾ, അവയ്ക്കിടയിലൂടെ സൂക്ഷിച്ച് വശങ്ങളിലേക്ക് നീങ്ങി നിന്ന് , താഴ് വരയിൽ നിറഞ്ഞ കാടിന്റെ വന്യത കാണാം. വീശിയടിക്കുന്ന കാറ്റിൽ ഇരുകൈകളും വശങ്ങളിലേക്ക് വിടർത്തി അവർണനീയമായ അനുഭൂതിയിലേക്ക് ഉയരുമ്പോൾ, ഉറക്കെ ആരവം മുഴക്കാൻ തോന്നും. തണുത്ത കാറ്റിൽ വസ്ത്രങ്ങൾ ശരീരത്തോടൊട്ടുകയും, ഒരു തൂവൽ പോലെ നിങ്ങളുടെ മനസ്സും ശരീരവും ഭാരരഹിതമായിത്തീരുകയും ചെയ്യും.

തല്ക്കാലം ഞാനീ വിവരണം ഇവിടെ നിർത്തുകയാണ്‌.

യാത്രകൾ ചെയ്യാനുള്ള മനുഷ്യന്റെ വെമ്പൽ പ്രാചീന മനുഷ്യന്റെ ഗോത്രവർഗ്ഗ സംസ്കാരവുമായി ബന്ധപ്പെട്ടതാണ്‌, കാലത്തിനതീതമായി ആ മോഹം അവന്റെ ജീനിനോടൊപ്പം സഞ്ചരിക്കുന്നു.
ഇനി നിങ്ങൾ ഒരു യാത്ര പ്ളാൻ ചെയ്യുമ്പോൾ അത് കുടുക്കത്ത്പാറയിലേക്കാകട്ടെ.
യാത്രക്ക്ശേഷം ,  ആ അനുഭവങ്ങൾ, അതെന്തുമാകട്ടെ അതിവിടെ ഈ പേജിൽ കുറിച്ചിടാനുള്ള മനസ്സുകൂടി കാണിക്കുമെന്ന് കരുതട്ടെ?

ശുഭയാത്ര


vismayam1 photo Image3n_zpsb472f9a7.jpg  photo 1531928_463955797050071_1035770201_n_zps4779208d.jpg vismaya9 photo 1011229_463951530383831_338903491_n_zpsc91d8fe8.jpg vismayam7 photo 1533941_463954580383526_567142006_n_zps27ba2b69.jpg vismayam8 photo 1512581_463955670383417_1170334361_n_zpsc52911fa.jpg vismayam5 photo 1480569_463953793716938_1763719547_n_zps3fcc4248.jpg vismayam3 photo 1549551_463954990383485_1470980601_n_zpsa4b6d9f3.jpg vismaya10 photo 59645_463955060383478_434780678_n_zps492ed4b2.jpg vismayam6 photo 1601034_463953620383622_309259765_n1_zps8255d16e.jpg vismayam8 photo 1512581_463955670383417_1170334361_n_zpsc52911fa.jpgനിങ്ങളുടെ കമന്റുകൾ താഴെ കമന്റ്ബോക്സിൽ എഴുതുക, ഈ ലേഖനം ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യൂ.വിസ്മയത്തിനൊപ്പം ഫെയ്സ്ബുക്കിൽ ചേരൂ,

ഈ ലേഖനം ഷെയർ ചെയ്യൂ.Mobile Tips & Tricks   Click here

Computer Tips & Tricks  Click hereBlog Tips & Tricks   Click here


1 comment:

Tricks and Tips